84 വയസ്സുള്ള അമ്മയെ 50കാരന് കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലം ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്കൂളിന് സമീപമാണ് സംഭവം. ഇയാള്‍ മറ്റൊരു കേസില്‍ പ്രതികൂടിയാണ്. മാതാവിനെ കാണാതാകുകയും പോലീസ് അന്വേഷണത്തില്‍ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.സുനില്‍കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. സുനില്‍കുമാറിനൊപ്പം താമസിച്ചിരുന്ന സാവിത്രി അമ്മയെ കഴിഞ്ഞ സെപ്തംബര്‍ മൂന്ന് മുതല്‍ കാണാതായിരുന്നു. ഹരിപ്പാട് താമസിക്കുന്ന മകള്‍ ലാലി ഫോണില്‍ ബന്ധപ്പെട്ടിട്ടും സാവിത്രി അമ്മയെ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഏഴിന്് സ്ഥലത്തെത്തി അയല്‍വാസികളോടെല്ലാം അന്വേഷിച്ചു. ബന്ധുവീടുകളിലും തിരക്കി. വിവരമൊന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്കി.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സാവിത്രി അമ്മ ഇടയ്ക്കിടെ പാലയിലുള്ള ഒരു മഠത്തിലും ഓച്ചിറയിലും പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടങ്ങളിലെല്ലാം പോയി. ഇതിനിടയില്‍ സുനില്‍കുമാര്‍ സ്റ്റേഷനിലെത്തി അമ്മയെക്കുറിച്ച് വല്ലവിവരവും ലഭിച്ചോയെന്ന് പലതവണ അന്വേഷിച്ചു. താനും ബന്ധുവീടുകളിലെല്ലാം അന്വേഷിച്ച് വരികയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍കുമാര്‍ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് വ്യക്തമായി. സാവിത്രി അമ്മയെ കാണാതായ ദിവസം വീട്ടില്‍ ബഹളവും നിലവിളിയും കേട്ടതായും സുനില്‍ കുമാര്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കാണെന്നും അയല്‍വാസികള്‍ മൊഴി നല്കി. ഇതേ തുടര്‍ന്ന് പൊലീസ് വെള്ളിയാഴ്ച സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
ആദ്യം പലതരത്തില്‍ ചോദ്യം ചെയ്തെങ്കിലും സുനില്‍കുമാര്‍ സത്യം വെളിപ്പെടുത്തിയില്ല. ഒടുവില്‍ ശനിയാഴ്ച കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവദിവസം വൈകിട്ട് 4 മണിയോടെ സാവിത്രി അമ്മയുടെ പേരില്‍ കൊല്ലം അപ്സര ജംഗ്ഷനിലുള്ള ഭൂമി ആവശ്യപ്പെട്ട് സുനില്‍കുമാര്‍ വഴക്കിട്ടു. തര്‍ക്കത്തിനിടയില്‍ സുനില്‍കുമാര്‍ സാവിത്രി അമ്മയുടെ തലയ്ക്ക് അടിച്ചു. ബോധരഹിതയായി നിലത്ത് വീണതോടെ സുനില്‍കുമാര്‍ വീട് അടച്ച് പുറത്തുപോയി. രാത്രി പത്ത് മണിയോടെ മടങ്ങിയെത്തിയപ്പോഴും സാവിത്രി അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടെന്നാണ് സുനില്‍കുമാറിന്റെ കുറ്റസമ്മതം.
ഇന്നലെ സുനില്‍കുമാറുമായി പൊലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീടിന് പുറക് വശത്ത് മൂന്നടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


