വിദേശത്തു നിന്നെത്തി കാണാതായതായി പരാതി ഉയര്‍ന്ന നാദാപുരം സ്വദേശി അനസ് തിരികെ എത്തി. വാഹന പരിശോധനക്കിടെയാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മാസം 20ന് ഖത്തറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അനസിനെ കാണാനില്ലെന്ന് മാതാവ് പരാതി നല്‍കിയിരുന്നു. അനസിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
അനസിന്റെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് നാദാപുരം പോലീസ് കേസില്‍ അന്വേഷണം തുടങ്ങിയിരുന്നു. അനസ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ് ഖത്തറില്‍ നിന്നു കൊണ്ടു വന്ന സാധനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും വേറെ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
സ്വര്‍ണക്കടത്തുമായി കേസിന് ബന്ധമുണ്ട് എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്ക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.


