പത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭന എന്ന സ്ത്രീയാണ് പിടിയിലായത്. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്. ഈ കേന്ദ്രത്തെക്കുറിച്ച് മുന്‍പും നിരവധി പരാതികള്‍ കിട്ടിയിരുന്നു. നാട്ടുകാരും എതിര്‍ത്തിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയര്‍ന്നത്.
ഡിവൈഎഫ്ഐ, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു സമരക്കാര്‍ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.
മുന്‍കാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവര്‍ നടത്തിയ മന്ത്രവാദത്തിന്റെ പഴയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളില്‍ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളര്‍ന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദ്യം ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇവര്‍ക്കെതിരെ വന്‍ജനവികാരമാണ് ഉയരുന്നത്.


