മൂവാറ്റുപുഴ: കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ സിനിബിജു, കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. സംഭവത്തില്‍ മര്‍ദ്ദനത്തിന് ഇരയായ കൗണ്‍സിലര്‍ പ്രമീള ഗിരിഷ് കുമാര്‍, ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ കൂടിവാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
കഴിഞ്ഞ 4ന് ഗരസഭ ഓഫീസിലെ ജനകീയാസൂത്രണ റൂമില്‍ വച്ചായിരുന്നു സംഭവം. വൈസ് ചെയര്‍പഴ്സന്‍ സിനി ബിജു, ജോയ്സ് മേരി ആന്റണി, പ്രമീള ഗിരീഷ്കുമാര്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
‘മുഖത്തും കൈകളിലും കഴുത്തിലും പരിക്കേറ്റ പ്രമീള ഗിരീഷ് കുമാറിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനി ബിജുവും, ജോയ്സ് മേരി ആന്റണിയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും ചികിത്സതേടി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജുവിനെതിരെ എല്‍.ഡി.എഫിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസ് കൗണ്‍സലര്‍ പ്രമീളഗിരീഷ് കുമാറും ജോയ്സ് മേരി ആന്റണിയും സിനി ബിജുവും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.
അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുത്ത ദിവസവും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലിസ് കാവലില്‍ നിര്‍മലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിനി ബിജുവിനെയും, ജോയ്സ് മേരി ആന്റണിയെയും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.