പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലന് ശുഹൈബും താഹ ഫസലും ഇന്ന് ജയില്‍ മോചിതരാകും. ഇരുവരുടേയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാകും. പാസ്പോര്‍ട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 10 മാസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
കടുത്ത ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.
2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.
കേസില്‍ ഏപ്രില്‍ 27നാണ് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നുപേരും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.


