പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആര് ശ്രീലേഖ ഐപിഎസ്. അക്കാര്യം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് തന്നെ പറഞ്ഞതാണെന്നും ശ്രീലേഖ വ്ളോഗില്‍ വെളിപ്പെടുത്തി.
‘പൊലീസുകാര്‍ പറഞ്ഞിട്ടാണ് സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞിട്ടും അതന്വേഷിച്ചില്ല. ഈ ഗൂഡാലോചനയെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, ദിലീപും പള്‍സര്‍ സുനിയും നില്ക്കുന്ന ഒരു ഫോട്ടോ എന്നെ കാണിച്ചു.
ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന് സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചു കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ പോലും തെളിവായി സൃഷ്ടിക്കപ്പെട്ടു. അവര്‍ രണ്ടുപേരും കണ്ടെന്നതില്‍ പോലും കൃത്യമായ തെളിവില്ല. ഇപ്പോഴും ഈ കേസില്‍ കുറേപ്പേര് പുറത്ത് നില്‍ക്കുന്നതാണ് ഗൗരവതരം’. ശ്രീലേഖ പ്രതികരിച്ചു.
ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു. ‘ദിലീപിന്റെ പെട്ടന്നുള്ള ഉയര്ച്ചകളില് ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’.
രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്യപ്പോഴും അറസ്റ്റുണ്ടായപ്പോള്‍, ഞാനും കരുതി, എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന്. ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ അവശനായിരുന്നു. പിടിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തളര്‍ന്നു വീഴുകയായിരുന്നു. ഇയര്‍ ബാലന്‍സ് പ്രശ്നമടക്കം ഉണ്ടായി ആള്‍ക്ക് വയ്യാത്ത സ്ഥിതിയായിരുന്നു. ഞാനിടപെട്ടാണ് ചികിത്സ കൊടുക്കാനും രണ്ട് പായ, എക്സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാന്‍ ഏര്‍പ്പാടാക്കിയത്’ .ശ്രീലേഖ വെളിപ്പെടുത്തി.