ന്യൂഡല്‍ഹി: യൂണിയന് ബാങ്കിലെ 52 കോടിയുടെ സാമ്പത്തിക തട്ടിപ്പ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് നടത്തിയ ഇവര്‍ 2019ല്‍ രാജ്യം വിട്ടിരുന്നു.
ഫൈവ് കോര്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടര്‍മാരായ അമര്‍ജീത് സിങ് കലാറ, സുരീന്ദര്‍ സിങ് കലാറ, ജഗ്ജീത് സിങ് കൗര്‍ കലാറ, സുരീന്ദര്‍ കൗര്‍ കലാറ എന്നിവരാണ് കേസിലെ പ്രതികള്‍. വഞ്ചന, തട്ടിപ്പ്, അഴിമതി തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
2015ലാണ് കമ്പനി വായ്പക്കായി സമീപിക്കുന്നതെന്ന് യൂണിയന് ബാങ്ക് അറിയിച്ചു. തുടര്‍ന്ന് 70 കോടി ബാങ്കിന് വായ്പയായി അനുവദിച്ചു. 2016ല്‍ ഇത് 111 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍, വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അക്കൗണ്ടിനെ എന്‍.പി.എയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫൈവ് കോര്‍ ഇലക്ട്രോണിക്സിൻ്റെ ഫണ്ടില്‍ വലിയ രീതിയില്‍ തിരിമറി നടന്നതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിപരമായി കമ്പിനിയുടെ പണം തട്ടിയെടുക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന് പുറമേ സ്വര്‍ണ ബോണ്ടുകളിലും ഓഹരി വിപണിയിലും പണം നിക്ഷേപിച്ചിരുന്നുയെന്നും സഹോദര സ്ഥാപനങ്ങളിലേക്ക് പണം മാറ്റുകയും ചെയ്തതായി കണ്ടെത്തി. ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ബാങ്ക് സി.ബി.ഐയെ സമീപിച്ചത്.


