ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 5 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ 62 കാരന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ചറ്റുകുഴിയില് തമാസിക്കുന്ന ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മകളായ അഞ്ച് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ വിവരം അറിഞ്ഞ കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ വണ്ടന്മേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പരാതി നല്‍കിയത് അറിഞ്ഞ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കേസ് അന്വേഷണം ഏറ്റെടുത്ത് പോലീസ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ഇയാളെ വീട്ടില്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള പറമ്പില്‍ പ്രതി അവശ നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസും വീട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും ഇരയായ കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി അടിസ്ഥാനമാക്കി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.


