വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവ്. സിബിഐ കുറ്റപത്രം കോടതി തള്ളി. പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. 2021 ഡിസംബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റേയും സിബിഐയുടേയും കണ്ടെത്തല്‍. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന വാദത്തില്‍ അമ്മ ഉറച്ച് നിന്നു.
കോടതി നടപടിയില്‍ സന്തോഷമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തി തള്ളിയതില്‍ ഒരുപാട് സന്തോഷം, ഇനി നടക്കുന്ന അന്വേഷണത്തില്‍, മക്കളുടേത് കൊലപാതകം തന്നെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അമ്മ പ്രതികരിച്ചു.
‘സിബിഐ കുറ്റപത്രം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ മക്കളുടേത് കൊലപാതകം തന്നെയാണ്. ഞങ്ങള്‍ക്ക് അറിയാവുന്ന രീതിയിലെല്ലാം ഞങ്ങള്‍ പറഞ്ഞുനോക്കി. അവരതൊന്നും ചെവികൊണ്ടിരുന്നില്ല. ഇനി അന്വേഷിക്കുന്നവരെങ്കിലും സത്യസന്ധമായി അന്വേഷിക്കണം. നേരത്തെ അന്വേഷിച്ച സിബിഐ സംഘം സോജന്റെ അതേ വഴിയിലൂടെയാണ് പോയത്. ഞങ്ങളുടെ സംശയങ്ങളൊന്നും സിബിഐ ചെവികൊണ്ടില്ല. അതേ കുറിച്ച് അന്വേഷിച്ചില്ല. മക്കളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍ അറിയാം കൊലപാതകമാണെന്ന്’- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.


