ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി.
നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ബംഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.