അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന് ദിലീപ്. മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിചാരണ നീട്ടാന്‍ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ഇതിനിടെ ദിലീപിന്റെ സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും കോടതിയെ സമീപിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന് അന്വേഷണം തുടങ്ങി കഴിഞ്ഞു.
വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടന് ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന് അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജന്, സുദര്ശന്, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.