സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തതിലെ ദുരൂഹത മാറുന്നില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ ഫോറന്‍സിക് വിഭാഗം നല്കിയ അന്തിമ റിപ്പോര്‍ട്ടിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത തള്ളിക്കളയുന്നു. അഗ്നിബാധയില്‍ ഫാന്‍ ഉരുകി പോയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തീപിടുത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇവ തീപിടുത്തത്തിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല. തീപിടുത്ത കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചനയുണ്ട്. കൊച്ചിയിലോ ബംഗളൂരുവിലോ ഡല്‍ഹിയിലോ ആയിരിക്കും പരിശോധന നടക്കുക.
ഫാന്‍ ഉരുകി തീപിടിത്തമുണ്ടായതിനെ കുറിച്ച് കൃത്യമായ കാരണം കണ്ടെത്താനുള്ള സംവിധാനമില്ലെന്ന് ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പരിശോധനക്കായി മികച്ച സംവിധാനമുള്ള ലാബിന് കൈമാറാനും അന്വേഷണ സംഘത്തോട് ഫൊറന്‍സിക് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.


