ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ദിലീപിന്റെ ചാറ്റുകള്‍ നീക്കം ചെയ്ത സായ് ശങ്കറിനെ ലാപ് ടോപ് കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് എന്നാണ് പുതിയ വിവരം.
ദിലീപിന്റെ ചാറ്റുകള്‍ നീക്കം ചെയ്ത സായ് ശങ്കറിന്റെ ലാപ് ടോപ് ദിലീപിന്റെ അഭിഭാഷകരുടെ കൈയില്‍ ആണെന്ന് ഇന്നലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളുണ്ടെന്ന് കരുതുന്ന സായി ശങ്കറിന്റെ ലാപ് ടോപ് ദിലീപിന്റെ അഭിഭാഷകന് രാമന് പിള്ളയുടെ ഓഫീസില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാപ് ടോപ് കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം പരിശോധിക്കാന്‍ അന്വേഷണ സംഘം ഇന്ന് ഉന്നതതല യോഗം ചേരും. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം, കേസ് സുപ്രധാന ഘട്ടത്തിലെന്ന വിലയിരുത്തല്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ പങ്കുവച്ച സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തെ എടുക്കണം എന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രഹസ്യമൊഴി എടുക്കാന്‍ നിലവില്‍ പതിനെട്ടാം തീയതി ആണ് കോടതി സമയം നല്‍കിയിട്ടുള്ളത്.


