ഉത്തര്‍പ്രദേശില്‍ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയില്‍ ഉപേക്ഷിക്കുന്ന സീരിയല്‍ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തര്‍പ്രദേശിലെ ബറാബാന്‍കിയിലാണ് സീരിയല്‍ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
മധ്യവയസ് കഴിഞ്ഞ, 50നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഇയാളുടെ ഇരകള്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഇതുവരെ ഇയാള്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒളിവില്‍പ്പോയ കൊലയാളിയെ കണ്ടെത്തുന്നതിനായി ബരാബങ്കി പൊലീസ് ആറ് സംഘങ്ങള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
ഇരകളുടെ പ്രായം, കൊല ചെയ്ത രീതി തുടങ്ങിയവ പരിശോധിച്ചാണ് ഒരാള്‍ തന്നെയാവാം കൊലകള്‍ക്ക് പിന്നില്‍ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങള്‍ നഗ്നമായി ഉപേക്ഷിച്ചു പോവുകയായിരുന്നു ഇയാളുടെ പതിവ്. യുപി പൊലീസിന്റെ ആറ് സംഘങ്ങളാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.
ഡിസംബര്‍ 6 ന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 17ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 29 ന് തഥാര്‍ഹ ഗ്രാമത്തില്‍ മൂന്നാമത്തെ സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച സ്ത്രീകളെല്ലാം 50 നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.
മൂന്ന് സ്ത്രീകളുടെയും കൊലപാതകത്തില്‍ സമാനതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന്പേരെയും കൊലപ്പെടുത്തിയത് ഒരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.