കോതമംഗലത്ത് മാനസയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കൈമാറിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടികൂടി. പട്നയില്‍ തോക്കു വാങ്ങാന്‍ രാഖിലിനെ സഹായിച്ച ടാക്സി ഡ്രൈവറാണ് പിടിയിലായത്. രാഖിലിനെ സോനുവിന് അടുത്തേക്ക് എത്തിച്ചത് ടാക്സി ഡ്രൈവര്‍ മനേഷ് കുമാറാണ്. ഇയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
ബീഹാര്‍ സ്വദേശി സോനുകുമാര്‍ മോദി (21) ഇന്ന് രാവിലെയാണ് പൊലീസ് പിടിയിലായത്. ബീഹാര്‍ പൊലീസിന്റേയും സ്പെഷ്യല്‍ സ്ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇരുവരേയും ബീഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയതിനാല്‍ വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരും.
രാഖില്‍ ബീഹാറില്‍ നിന്നാണ് തോക്ക് കൊണ്ടു വന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മൊഴില്‍ നിന്നുമാണ് പൊലീസിന് സൂചന ലഭിച്ചത്. പിന്നാലെയാണ് പൊലീസ് ബീഹാറിലേക്ക് എത്തുന്നത്. ബീഹാറില്‍ നിന്നും ബംഗാളിലേക്കും പൊലീസ് അന്വേഷണം നീക്കുന്നുണ്ട്.
കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനിയുമായ മാനസയെ (24) സുഹൃത്ത് രാഖില്‍ തലയിലും നെഞ്ചിലും വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രാഖില്‍ സ്വയം തലയിലേക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കി.


