വടകരയില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകയെ മര്‍ദിച്ച കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരുടെ മോട്ടോര്‍ ബൈക്കുകളാണ് തീ വെച്ച് നശിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
മേപ്പാടി പോളിടെക്നിക് കോളെജില്‍ എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരി മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. അതിനിടെയാണ് പ്രതികളുടെ ബൈക്ക് കത്തിച്ചത്.
വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്നിക് യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. ”ട്രാബിയോക്’ എന്ന മയക്കുമരുന്ന് ഗ്യാങ് യുഡിഎസ്എഫ് നേതാക്കള്‍ക്കൊപ്പം അപര്‍ണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.
അപര്‍ണയുടെ മുടിക്ക് കുത്തിപിടിച്ച് കോളജിനോടുളള മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് അപര്‍ണയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപര്‍ണയെ അര്‍ധ ബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോളജില്‍ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു. തുടര്‍ന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തു വിട്ടിരുന്നു. സംഭവത്തില്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കിരണ്‍ രാജ്, കെ.ടി.അതുല്‍, ഷിബിലി, അബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


