വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായും നാല്പതിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
നെഞ്ചിലും വയറിലുമായാണ് നാല്പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരുക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ചൊവ്വാഴ്ചയാണ് വയനാട് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായിരുന്നു.


