പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ എത്തിയവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. മോന്സണ് മാവുങ്കലിനെ കാണാന്‍ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണ ചുമതലയുള്ള ഐ ജി സ്പര്‍ജന്‍ കുമാര്‍ ഇന്ന് കൊച്ചിയിലെത്തും. അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സണിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. പാലാ സ്വദേശി രാജീവില്‍ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യഹര്‍ജി.
അതേസമയം, മോന്സണ് മാവുങ്കല്‍ ഒക്ടോബര്‍ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും. പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോന്‍സണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. മോന്സണ് മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
സ്വന്തം അക്കൗണ്ട് വഴിയല്ല മോന്സണ് ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോന്‍സണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.


