വഞ്ചനകേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന് എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. കള്ളാര്‍ സ്വദേശികളായ സുധീര്‍, അഷറഫ് എന്നിവര്‍ ഹൊസ്ദുര്‍ഗ്ഗ് ജെഎഫ്സിയില്‍ നല്കിയ പരാതിയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജ്വല്ലറിക്കായി മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നും പരാതി ഉയര്‍ന്നിരുന്നു. എംഎല്‍എയ്ക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുധീര്‍ നിക്ഷേപമായി നല്കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജ്വല്ലറി ചെയര്മാന് എംസി കമറുദ്ദീന് എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിന്റെയും പതിമൂന്ന് ലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ നല്കി. എന്നാല്‍, ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പൈസയില്ല.
കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്റഫില്‍ നിന്ന് എംഎല്‍എയും പൂക്കോയ തങ്ങളും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷം. പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1, 30 തിയിതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെഒരു ചെക്കും നല്കി. എന്നാല്‍ മൂന്ന് ചെക്കും മടങ്ങി. തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. രണ്ട് കേസുകളില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.