പത്തനംതിട്ട ആറന്മുളയില് കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ ക്രൂരമായി പീഡിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞു.
പ്രതിയെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. 108 ആംബുലന്‍സിലെ ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്. രാത്രി ഒരു മണിയോടെയാണ് സംഭവം. കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നത്.
ആംബുലന്‍സില്‍ രണ്ട് യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. യുവതിയെ കൂടുതല്‍ പരിശോധനക്ക് വിധേയയാക്കി.
അതേസമയം നൗഫലിനെ പിരിച്ചുവിട്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിയ്ക്കു കടുത്തശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


