വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പോലീസ് സ്റ്റേഷന് ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി.
വിഴിഞ്ഞം സ്വദേശിയായ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാനം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസിന് സാധിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും, കേന്ദ്ര സേനയുടെയും സഹായം തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.