മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരേയും മര്‍ദ്ദിച്ച കേസില്‍ മൂന്നു പേര്‍ക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രി ആന്റ് റിസേര്‍ച്ച് സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 10 വയസുള്ള കുട്ടിയുമായാണ് അക്രമികള്‍ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ച ശേഷം ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തേയ്ക്കിറങ്ങണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതോടെ സംഘം ബഹളം വച്ചു. തുടര്‍ന്ന് ഡോ. ദീപേഷ് ദേവദാസ് കുട്ടിയെ പരിശോധിക്കാന്‍ വരുന്നതിനിടെ മൂന്നംഗ സംഘം ഡോക്ടറെ മര്‍ദ്ദിക്കുകയും മുഖത്തെ മാസ്ക്ക് ബലമായി എടുത്തു കളയുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും സംഘം മര്‍ദ്ദിച്ചു. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവത്തെ തുടര്‍ന്ന് ഡോ. ദീപേഷ് ദേവദാസ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്കി.
ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ മൂവാറ്റുപുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആനി ഉതുപ്പാന്, സെക്രട്ടറി ഡോ. മഞ്ജു രാജഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.