ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. 2019 ഏപ്രിലില്‍ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് അപേക്ഷ നല്‍കിയേക്കും.
ചോദ്യം ചെയ്യലില്‍ എം ശിവശങ്കറില്‍ നിന്ന് കിട്ടിയ പ്രധാന വിശദാംശങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. ഇതിനിടെ ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നീക്കം തുടങ്ങി. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം നടപടികള്‍ ആരംഭിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.