ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി. തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. ഇതിനിടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ പറഞ്ഞത്.
സന്തോഷ് ഈപ്പന് ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതിയുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന് കമ്മീഷന് നല്കിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു.
വിജിലന്‍സ് അന്വേഷണഫയലുകള്‍ വിളിച്ചുവരുത്തണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഈ ഘട്ടത്തില്‍ വേണ്ടെന്ന് കോടതി നിലപാടെടുത്തു. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷന് സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയില്‍ മറുപടി നല്കി. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം വ്യാഴാഴ്ച കേള്‍ക്കും.


