വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി ജോസില്‍ നിന്നും സിബിഐ മൊഴിയെടുക്കുന്നു. ജോസും രണ്ട് ഉദ്യോഗസ്ഥരും കൊച്ചി സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തി. ഫ്ലാറ്റ് പദ്ധതിയുടെ രേഖകള്‍ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി സിബിഐക്ക് കൈമാറി.
അതേസമയം, ലൈഫ് മിഷന് ഭവനനിര്‍മാണ പദ്ധതിയുടെ ധാരണാപത്രമടക്കം സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഇന്നു സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാക്കില്ല. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കൊണ്ടുപോയതിനാല്‍, ഫയലുകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെടാനാണ് നീക്കം. ചോദ്യം ചെയ്യലിനായി എത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനായിരുന്നു യു.വി. ജോസിനുള്ള സി.ബി.ഐ നിര്‍ദേശം.
പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ എസ്.പി നിര്‍ദേശം നല്കിയിട്ടുണ്ടായിരുന്നത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍. യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അന്വേഷണം മുന്നോട്ടു പോകുമ്പോഴും ഫയലുകള്‍ ലഭ്യമാക്കാന്‍ വിജിലന്‍സും, സര്‍ക്കാരും മടിച്ചാല്‍ പെരിയ കേസിനു പിന്നാലെ ലൈഫ് മിഷന് കേസും നിയമയുദ്ധത്തിലേക്ക് വഴിമാറും.


