തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആര്. ബിജുലാല്‍ അറസ്റ്റില്‍. പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്. ഓഫീസില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. തന്നെ ഉപയോഗിച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്ന് ബിജു. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു. താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.

