ബാര്‍ കോഴ കേസിലെ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ രഹസ്യ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പരാതികള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.