ഇന്ത്യൻ ഭൂപടത്തെ തെറ്റായി പ്രദർശിപ്പിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാട്ന കോടതിൽ ഹർജി നൽകി. സമൂഹ്യ പ്രവർത്തകനായ സഞ്ജയ് രുംഗ്തയാണ് ഹർജി നൽകിയത്. ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്വിറ്റർ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചത്. ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നൽകിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമായ മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങളെ രാജ്യത്തിന് പുറത്തായാണ് കാണിച്ചത്. തുടർന്ന് സംഭവം വിവാദമായതോടെ ട്വിറ്റർ ഇന്ത്യൻ ഭൂപടം നീക്കം ചെയ്തിരുന്നു.
അതേസമയം, ട്വിറ്റെർ ഇതിന് മുൻപും ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. അന്ന് സംഭവത്തിൽ ട്വിറ്റർ മാപ്പ് പറഞ്ഞിരുന്നു.


