അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ നടന്നത് നിയമപരമായ നടപടികളെന്ന് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി. പൊലീസിന് നല്കിയ മറുപടിയിലാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി ദത്ത് നടപടികള്‍ വിശദീകരിച്ചത്. കുഞ്ഞിനെ ആര്‍ക്ക് നല്കി, എപ്പോള്‍ നല്കി എന്നീ കാര്യങ്ങള്‍ അറിയിക്കാനാകില്ലെന്നും അഡോപ്ഷന്‍ ആക്ട് പ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഏജന്‍സി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സി.ഡബ്ല്യൂ.സി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതെ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയി ദത്ത് നല്കിയ സംഭവത്തില്‍ അമ്മ അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത അടക്കം ആറ് പേര് എതിര് കക്ഷികളാണ്.
12 മാസമായി കുട്ടിയെ കുറിച്ച് യാതൊരു അറിവുമില്ല. കുട്ടിയെ ഒളിപ്പിച്ചതിനു പിന്നില്‍ പൊലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു


