ഇ.ഡി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി. ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു. കടുത്ത ശരീരവേദനയുണ്ട്. 10 തവണ ഛര്‍ദിച്ചെന്നും ബിനീഷ് പറഞ്ഞു. രാവിലെ ഇ.ഡി ഓഫീസിലെത്തിച്ചപ്പോള്‍ ബിനീഷ് ക്ഷീണിതനായിരുന്നു. വയ്യെന്നു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ ബിനീഷ് പടികള്‍ ആയാസപെട്ടാണു കയറിയത്.
കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്കു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരന് ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. നേരിട്ടുകാണാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


