കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പന്നിയോട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇനി മൂന്നു പേരാണ് പിടിയിലാകാനുള്ളത്.
ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ്.ആര്. സുരേഷ് കുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുമല ചാടിയറയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘത്തിന്റേതാണ് നടപടി. കേസിലെ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്.
സെപ്റ്റംബര്‍ 20 നാണ് ആമച്ചല്‍ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുട്ടിയുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.


