മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നുമുണ്ടായി. ഇതിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് പൊലീസില്‍ വൈദികനെതിരെ നല്കിയ പരാതിയിലാണ് കേസ്.
വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. പരാമര്‍ശം വിവാദമായതോടെ ലത്തീന്‍ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമര്‍ശം നാക്കുപിഴയെന്നായിരുന്നു വൈദികന്റെ ഖേദപ്രകടനം.
ഡിഐജി നിശാന്തിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം കേസില്‍ തുടര്‍ നടപടിയെടുക്കും. അതേസമയം ഇന്നലെ വൈകിട്ട് പോലീസ് അനുമതിയില്ലാതെ വിഴിഞ്ഞത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് ശശികലക്കെതിരെയും പൊലീസ് കേസെടുത്തു. കെ.പി. ശശികല ഒന്നാം പ്രതിയാണ്.കണ്ടാലറിയാവുന്ന 700 ഓളം പേര് ഈ കേസില്‍ പ്രതികളാണ്.


