പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി.
സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഒരു ഹര്‍ജി വേണമായിരുന്നോ എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. കേസ് ഫയലുകള്‍ നല്‍കുന്നതടക്കം അന്വേഷണത്തില്‍ ഒരു തടസവും സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി. ഗിരി, അഭിഭാഷകന് എം. ആര് രമേശ് ബാബു എന്നിവരും ഹാജരായി.
അതേസമയം, സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് പറഞ്ഞു. നീതികേട് കാണിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് വിധി. സിബിഐ അന്വേഷണത്തില്‍ മുഴുവന്‍ കുറ്റവാളികളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷ. ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ശരത് ലാലിന്റെ പിതാവ് പ്രതികരിച്ചു.


