പാറശാല ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്. വീടിന് മുന്നില്‍ വന്‍ ജന സന്നാഹമാണുള്ളത്.
കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. നിര്‍ണായക തെളിവാണ് മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. തമിഴ്നാട് പൊലീസ് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തി. വീട്ടില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പാറശാല ഷാരോണിന്റെ കൊലപാതകം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് വിഷം ചേര്‍ത്ത കഷായത്തിന്റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.