സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നയതന്ത്രബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ്. കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണം എത്തിയതെങ്ങനെയെന്ന വിവരങ്ങളാകും ഫൈസലില്‍ നിന്ന് ചോദിച്ചറിയുക. സ്വപ്നയുടെ ഇടനിലക്കാരായ കെ.ടി റമീസ്, സമജു ശൃംഖലയില്‍ നേരിട്ട് പങ്കാളിയാണ് ഫൈസലെന്ന് റിപ്പോര്‍ട്ടുണ്ട്.


