ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്ന പ്രതിഷേധം രാജ്യ വ്യാപകമാവുന്നതിനിടയില്‍ മറ്റൊരു ദളിത് യുവതി ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച കോളേജ് അഡ്മിഷന് എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോളേജില്‍ നിന്ന് മടങ്ങിവരുന്ന വഴിയാണ് പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിക്ക് വിഷം കുത്തിവച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ കാലുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകര്‍ന്ന് നിലയിലായിരുന്നു.
വീട്ടുകാര്‍ യുവതിക്കായി തെരച്ചില്‍ നടത്തുന്നതിനിടെ യുവതിയെ അവശനിലയില്‍ കയ്യില്‍ ഗ്ലൂക്കോസ് ഡ്രിപ് ഇട്ട് ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശരീരത്തിലേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്പെയാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു ബലാത്സംഗക്കൊലപാതകം സംസ്ഥാനത്ത് നടന്നിരിക്കുന്നത്


