പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്പ്പിച്ചിച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതല്‍ തടവിലാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്.
ജനുവരി 29നാണ് കഫീല്‍ ഖാനെ കരുതല്‍ തടങ്കലിലാക്കിയത്. അതിനിടയില്‍ കഫീല്‍ ഖാനെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പര്വീന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. മകനെ അന്യായമായാണ് തടവില്‍ പാര്‍പ്പിച്ചതെന്ന് അമ്മ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മഥുര ജയലിലാണ് ഡോ കഫീല്‍ ഖാന് ഇപ്പോഴുള്ളത്.
2019 ഡിസംബറില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ അലിഗഡ് സര്‍വകലാശാലയില്‍ വച്ച് പ്രസംഗിച്ചതിനെതുടര്‍ന്നാണ് ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പ്രസംഗം പ്രകോപനപരമായിരുന്നു എന്നാണ് ആരോപണം. ഫെബ്രുവരിയില്‍ 10ന് അലിഗഡ് സിജെഎം കോടതി ജാമ്യം നല്‍കിയെങ്കിലും ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തി ജയിലിലേക്ക് അയക്കുകയായിരുന്നു.


