മൂവാറ്റുപുഴ: പലര്‍ക്കും ഭരണഘടന മനസിലായിട്ടില്ല. ഓരോ ഇന്ത്യക്കാരന്റേയും ആയുധമാണിത്. ലെജിസ്ലേറ്റീവ് തീരുമാനങ്ങള്‍ പോലും പലപ്പോഴും ഭരണഘടനാപരമായി കോടതി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച ഭരണഘടന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കേന്ദ്ര- സംസ്ഥാന തര്‍ക്കങ്ങള്‍ക്കു പോലും ഭരണഘടനാപരമായി നിലനില്‍പ്പില്ല. രണ്ടിനും അധികാരങ്ങള്‍ ഉണ്ട്. അത് ഭരണഘടനാപരമാകണം. ഭരണഘടനയുടെ ആത്മാവാണ് അതിന്റെ ആമുഖം. പലരാജ്യങ്ങളുടേയും ഭരണഘടനകള്‍ പൂര്‍ണമായും മാറ്റുന്ന സാഹചര്യമുണ്ടായി. 1949 ല്‍ അംഗീകരിച്ച ഇന്ത്യയുടെ ഭരണഘടന ഇന്നും ശക്തമായി നിലകൊള്ളുന്നതും നമ്മുടെ ശക്തിയാണെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകവും ജസ്റ്റിസ് അനാച്ഛാദനം ചെയ്തു. യുവ അഭിഭാഷകര്‍ക്കിടയില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. വിജിലന്‍സ് ജഡ്ജ് പി.പി. സൈതലവി അധ്യക്ഷനായി.
അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് ദിനേഷ് എം.പിളള സ്വാഗതം പറഞ്ഞു. ബാര്‍ അസോസിയേഷന് പ്രസിഡന്റ്് അഡ്വ. ജോണി മെതിപ്പാറ, സെന്‍ട്രല്‍ നാസിര്‍ പി.കെ. രാജീവ് കുമാര്‍, ക്ലര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് കെ.ജി അനില്‍ കുമാര്‍, ലീഗല്‍ സര്‍വീസ് സെക്രട്ടറി വി.വി ശ്യാം, മീഡിയേഷന് കമ്മിറ്റി കോഡിനേറ്റര്‍ അഡ്വ. എം.എസ്. അജിത് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍, തൊടുപുഴ കോ ഓപ്പറേറ്റീവ്, ചൂണ്ടി ഭാരത് മാത എന്നിവിടങ്ങളില്‍ നിന്നുള്ള അഭിഭാഷക വിദ്യാര്‍ത്ഥികളും പങ്കെടുത്തു.