തൃശ്ശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന് ജില്‍സിനേയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. കൊച്ചിയിലെ കോടതിയാണ് ഇഡി നല്കിയ അപേക്ഷ പരിഗണിക്കുന്നത്.
ഇന്നലെ അറസ്റ്റിലായ പി ആര് അരവിന്ദാക്ഷന് പല ഉന്നതരുമായും പ്രമുഖ രാഷ്രീയ നേതാക്കളുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ പങ്ക് ആരൊക്കെ പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാര്‍ട്ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്എന്നാല് സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുന്ന ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നും സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും ഇഡി ചെയ്തു. ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസര്‍മാര്‍ തന്നെ മര്‍ദിച്ചെന്നാരോപിച്ച് അരവിന്ദാക്ഷന് പോലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ട്.
സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീഷ് കുമാര്‍ മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്ന് മൊഴിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാര്‍, പിബി കിരണ്‍ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.