കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് .പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി .ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് നിര്‍ദേശം. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്കിയ ഹരജിയിലാണ് നടപടി . എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം .ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി . ഹര്‍ജി 31 ന് വീണ്ടും പരിഗണിക്കും. പുറത്താക്കല്‍ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം..
അതേസമയം സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാര്‍ കൈമാറിയിട്ടുണ്ട്. രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ 15 പേര്‍ക്കാണ് നോട്ടീസ് അയച്ചത്. അടുത്തമാസം 4 നും 19 നും വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 15 പേര്‍ക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടര്‍ന്ന് പിന്‍വലിച്ചതായി കണക്കാക്കപ്പെടും. ചാന്‍സലറെന്ന അധികാരം പ്രയോഗിച്ചാണ് താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്.
വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് ചാന്‍സലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണ!ര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിര്‍ദേശം തള്ളി. പിന്നാലെ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയെങ്കിലും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കുകയായിരുന്നു. .തുടര്‍ന്നാണ് ഗവര്‍ണര്‍ അംഗങ്ങളെ പിന്‍വലിക്കുന്ന ഉത്തരവിറക്കിയത്


