ദില്ലി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെകെ രമ സത്യവാങ്മൂലത്തിൽ പറയുന്നത് . പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തതാണ് രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്. അതായത് 31 % ജയിലിലിന് പുറത്ത് ആയിരുന്നു. ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളിൽ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ എ കാർത്തിക് ആണ് രമയുടെ സത്യവാങ്മൂലം ഫയൽ ചെയ്തത്.


