തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഡിസംബര്‍ 11-ന് നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. കൊലപാതക കുറ്റത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറിന്റെതാണ് ഉത്തരവ്.
നേരത്തെ നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമനാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീംകോടതി ശ്രീറാം വിചാരണ നേരിടണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഏതൊക്കെ കുറ്റങ്ങളും തെളിവുകളുമാണ് നിലനില്ക്കുക എന്നത് പരിശോധിക്കേണ്ടത് വിചാരണയിലാണെന്ന കോടതി ചൂണ്ടിക്കാട്ടി.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന് അമിതമായി മദ്യപിച്ച ശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്‍പിലാണ് അപകടം നടന്നത്. കേരളത്തില്‍ വന്‍വിവാദമുണ്ടാക്കിയ കേസായിരുന്നു ഇത്. ശ്രീറാമിനെ രക്ഷിക്കാന്‍ ഭരണകൂടം ഒന്നാകെ ശ്രമം നടത്തി എന്ന ആരോപണമാണ് അന്ന് ഉയര്‍ന്നത്.