എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുണ്ടെന്ന് പ്രതി മോന്സന് മാവുങ്കല്‍. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നല്‍കിയെന്നും മോന്സന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ വരുന്നതിനിടെയായിരുന്നു മോന്‍സന്റെ പ്രതികരണം.
മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. എസ്.സുരേന്ദ്രന് എന്നിവര്‍ക്കെതിരേയാണ് വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സുരക്ഷാഉദ്യോഗസ്ഥനുമായി ഔദ്യോഗിക വാഹനത്തില്‍ ഐ.ജി. ലക്ഷ്മണ പലതവണ മോന്‍സന്റെ വീട്ടിലെത്തിയെന്ന് ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. തിരുവനന്തപുരത്തെ പോലീസ് ക്ലബിലടക്കം മോന്‍സന്റെ പുരാവസ്തുവില്‍പ്പനയ്ക്ക് ഐ.ജി. ഇടനിലനിന്നതായും മോന്‍സനെതിരായ പരാതികളില്‍ ഇടപെട്ടതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്സന് കേസില്‍ ആരോപണവിധേയനായതോടെ ഐ.ജി. ലക്ഷ്മണയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, 14 മാസത്തിന് ശേഷം ഐ.ജി.യുടെ സസ്പെന്ഷന് റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.


