പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. എല്ലാ പ്രതികൾക്കും ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ചു. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ രണ്ട് മുതൽ 15 വരെയുള്ള പ്രതികൾക്ക് 1,05,000 രൂപ പിഴയും വിധിച്ചു. നാല്, 11 പ്രതികളെ വെറുതെ വിട്ടിരുന്നു
മണ്ണാർക്കാട് എസ്ഐ-എസ്ടി കോടതിയാണ് കേസിൽ വിധി പറഞ്ഞത്. വിവിധ വകുപ്പുകളിൽ പല ശിക്ഷകളുണ്ട്. എന്നാൽ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികളെ തവന്നൂർ സെന്റർ ജയിലിലേക്ക് മാറ്റും.
മധു വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും വെറുതെ വിട്ടു.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ തുടങ്ങിയവർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
പ്രതികൾക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. പതിനാറാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്.
മാർച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.
കഴിഞ്ഞ 5 വർഷമായി മധുവിന്റെ കുടുംബം നടത്തിയ നീതിക്കായുള്ള പോരാട്ടമാണ് കേസിന്റെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂർത്തിയായ കേസ് വിധി പറയാൻ രണ്ട് തവണ മാറ്റിവെച്ചിരുന്നു. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂട്ടർമാർ മാറി മാറിയ കേസെന്ന പ്രത്യേകതയും പതിനൊന്നാം മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 3000 അധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു.
കൂറുമാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. മാർച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂർത്തിയായി. 18ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


