ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി വീണ്ടും വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുൽ വീണ്ടും രംഗത്തെത്തിയത്. ‘ചോര്‍ കി ദാദി’ (കള്ളന്റെ താടി) എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രമില്‍ ചിത്രം പങ്കുവെച്ചത്.
മോദിയുടേതിനോട് സാദൃശ്യമുള്ള താടിയില്‍ റഫാല്‍ വിമാനം ബന്ധിപ്പിച്ചുള്ളതാണ് ചിത്രം. നിരവധിപേരാണ് ഇത് പങ്കുവെച്ചത്. അതേസമയം, ചിത്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം മുന്‍നിര്‍ത്തി ഫ്രാന്‍സിൻ്റെ ദേശീയ സാമ്പത്തിക കുറ്റവിചാരണ കാര്യാലയമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ, അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിലെ അന്വേഷണാത്മക വെബ് പോര്‍ട്ടലായ മീഡിയപാര്‍ട്ട് തുടര്‍ച്ചയായി പുറത്തുവിട്ട വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവിടത്തെ ജുഡീഷ്യല്‍ അന്വേഷണം. റഫാല്‍ കരാര്‍ നേടിയെടുക്കാന്‍ 10 ലക്ഷം യൂറോ ഇന്ത്യന്‍ ഇടനിലക്കാരന് കമീഷന് നല്‍കിയതിൻ്റെയും മറ്റും വിശദാംശങ്ങളാണ് പുറത്തുവന്നത്.
2016 സെപ്റ്റംബറിലാണ് 36 റഫാല്‍ പോര്‍വിമാനങ്ങള്‍ക്കുള്ള 59,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചത്. 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ നിര്‍മിക്കാന്‍ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 റഫാല്‍ വിമാനങ്ങള്‍ക്കായി യു.പി.എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ചാണ് 36 എണ്ണം നേരിട്ടുവാങ്ങാന്‍ മോദി കരാറുണ്ടാക്കിയത്.
റഫാല്‍ കരാര്‍ മോദി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുൻപ് പ്രമുഖ വ്യവസായി അനില്‍ അംബാനിയും ദസോയും പങ്കാളിത്ത കരാര്‍ ഉണ്ടാക്കിയെന്നും മീഡിയപാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. അംബാനിയെ ഇന്ത്യന്‍ പങ്കാളിയാക്കണമെന്ന സമ്മര്‍ദം ഫ്രാന്‍സിനു മേല്‍ ഉണ്ടായിരുന്നുവെന്ന ആരോപണവും നിലവിലുണ്ട്.


