ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കോട്ടയത്തെ കൂട്ടിക്കലിന് താങ്ങായി മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്.
മമ്മൂട്ടി അയച്ച രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സംഘവും കെയര്‍ ആന്‍ഡ് ഷെയര്‍ ദുരിതാശ്വാസ സംഘവും കൂട്ടിക്കലില്‍ എത്തി. കൂട്ടിക്കലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സമാനതകള്‍ ഇല്ലാത്ത ദുരന്തം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അടിയന്തരമായി അവിടെ പോകാനും നമ്മുടെ സഹജീവികള്‍ക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മൂട്ടി സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംഘടന കൂട്ടിക്കലില്‍ ക്യാമ്പ് ചെയ്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയാണ്.

കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തില്‍ 150 പുതിയ ജല സംഭരണികള്‍ കോയമ്പത്തൂരില്‍ നിന്നും കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടായിരത്തില്‍ അധികം തുണി കിറ്റുകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ട്.
കൂടാതെ കാനഡയിലെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ 50 ജല സംഭരണികള്‍ സംഭാവന ചെയ്തിട്ടുണ്ട്.


