മുതിര്‍ന്ന നടന് ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓര്‍മയായത്. സീരിയല്‍, സിനിമാ രംഗങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തില്‍ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള. മലയാള സിനിമയില്‍ ‘സ്ഥിരം വില്ലന്‍ പദവി’ നേടിയ ആദ്യ നടന് അദ്ദേഹമാണ്. 1958ല്‍ പുറത്തിറങ്ങിയ ‘നായരു പിടിച്ച പുലിവാലി’ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350 ഓളം സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തില്‍ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളില്‍ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചു.


