സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ നിരോപകരുടെ അതിരുവിട്ട പ്രകടനത്തെ വിമര്‍ശിച്ചു ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍ അരുണ്‍. മലയാള സിനിമയെ ഗ്രസിക്കുന്ന വന്‍ വിപത്തായി സോഷ്യല്‍ മീഡിയാ രംഗത്തെ വലിയ ഒരു വിഭാഗം സിനിമാ നിരൂപകന്മാര് മറുകയാണെന്ന് എന്‍ അരുണ്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയക്ക് വലിയ സ്വാധീനമുള്ള ഈ കാലത്ത് ഫോളോവര്‍മാരെ തന്ത്രപൂര്‍വ്വം സൃഷ്ടിക്കുവാനും അതുവഴി യാഥാര് ത്ഥ്യവിരുദ്ധമായ എന്തും പ്രചരിപ്പിക്കുവാനും ഇക്കൂട്ടര്‍ക്ക് ശ്രമിക്കുകയാണ്. പണത്തിന്റെയും മറ്റ് താല്‍പ്പര്യങ്ങളുടെയും സ്വാധീനത്തില്‍ സിനമകളെ പൊതുജനങ്ങള്‍ക്കിടയില്‍ വളരെ മോശമായി ചര്‍ച്ച ചെയ്യിക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ചിലര്‍ ഉപയോഗിക്കുന്ന ഭാഷയും ആംഗ്യവും വരെ തീര്‍ത്തം സംസ്കാര ശൂന്യവും അപരിഷ്കൃതവുമാണ്.
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എത്ര സിനിമകളെ ഇവര്‍ താറടിപ്പിച്ച് നശിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച റിലീസ് ആയ ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായ രാമചന്ദ്രബോസ് ആന്റ്കോ എന്ന സിനിമയെ എത്ര മോശമായാണ് ചില റിവ്യുവര്‍മാര്‍ ആക്രമിച്ചത്.
ഒരു മെച്ചപ്പെട്ട എന്റര്ടെയ്നര് സിനിമയാണ് രാമചന്ദ്ര ബോസ് ആന്റ് കോ എന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകന് എന്നതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാനുള്ളത്. പക്ഷെ എന്തോ പകപോക്കും പോലെ ഈ സിനിമയെയും മികച്ച യുവചലച്ചിത്രകാരനായ ഹനീഫ് അദേനിയെയും ജനപ്രീതിയുള്ള നടനായ നിവിന്‍ പോളിയെയും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കണ്ടത്.
നൂറു കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു തൊഴില്‍ മേഖല കൂടിയാണ് സിനിമ. നിരൂപണം എന്നത് സിനിമയെ തകര്‍ക്കുവാനുള്ള ഉപാധിയായി ചിലര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാണ്.
സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഡിഗ്രേഡ് ചെയ്യുവാനുള്ള ആയുധങ്ങള്‍ തയ്യാറാക്കി വയ്ക്കുന്നവരെ നിയന്ത്രിക്കണം , അതിന് നിയമപരമായ നടപടികള്‍ അനിവാര്യമാണ്. സിനിമാ സംഘടനകള്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും എന്‍.അരുണ്‍ പറഞ്ഞു.
സിനിമ സംഘടനകള്‍ ആര്‍ക്ക് വേണ്ടി , എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറയണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.