സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ യുവനടികള്‍ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ പന്തീരാങ്കാവ് പൊലിസ് കേസെടുത്തു. രണ്ടു നടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
അതേസമയം സിനിമയുടെ പ്രമോഷന് ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൊലിസ് നിര്‍ദേശം നല്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് പുതിയ സിനിമയുടെ പ്രമോഷന് ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ രണ്ട് യുവനടികള്‍ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷമാണ് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പടെ രണ്ട് ജാമ്യാമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംഭവം നടന്ന കോഴിക്കോട്ടെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശോധിച്ചിരുന്നു. ഫറോക്ക് എസിപിക്കാണ് അന്വേഷണചുമതല. അതേസമയം നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ വിവിധ മേഖലകളിലുള്ളവര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്


