വെബ് സീരിസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. ബിഹാറിലെ ബെഗുസരായ് കോടതിയാണ് ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബെഗുസരായി സ്വദേശിയും മുന്‍ സൈനികനുമായിരുന്ന ശംഭു കുമാറിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2020 ലാണ് കേസിനാസ്പദമായ പരാതി ഫയല്‍ ചെയ്യപ്പെടുന്നത്. സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി അപകീര്‍ത്തികരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭുകുമാറിന്റെ വാദം.
ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്തത്. ഏക്താ കപൂറിനോടും ശോഭാ കപൂറിനോടും കോടതിയില്‍ ഹാജരാകുവാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മാറ്റിയെന്ന് കോടതിയെ അഭിഭാഷകന് മുഖേനെ അറിയിച്ച ഇരുവരും കോടതിയില്‍ ഹാജരായില്ല. ഇതെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഹിറ്റ് സീരിയലുകളാണ് യേ ഹേ മൊഹബ്ബത്തേന്‍, ജോധ അക്ബര്‍, തേരെ ലിയോ, ഗുംറ എന്നിവയുടെ സംവിധായകയാണ് ഏക്ത കപൂര്‍.


